- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളത്തരം തിരിച്ചറിയാതിരിക്കാൻ ബൈക്കിലെ സ്റ്റിക്കറുകൾ വരെ ഇളക്കിയെടുത്തു; രൂപം മുഴുവൻ മാറ്റിയെടുത്തു; പക്ഷെ ക്യാമറ കണ്ണുകൾ ചതിച്ചു; വണ്ടി മോഷണക്കേസിൽ പ്രതികൾ പിടിയിൽ

കഴക്കൂട്ടം: കഴക്കൂട്ടത്തുനിന്ന് ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തിയ കേസിൽ മൂന്ന് കൗമാരക്കാർ പിടിയിൽ. പോത്തൻകോട് സ്വദേശികളായ രണ്ട് പേർക്ക് 17 വയസ്സും ഒരാൾക്ക് 16 വയസ്സുമാണ് പ്രായം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കഴക്കൂട്ടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അതിവേഗം പ്രതികളെ പിടികൂടാനായത്.
രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് പിന്നിലുള്ള നേതാജി ലെയ്‌ൻ ശിവനഗറിലെ അനിലിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് സംഘം കവർന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ സംഘം അനിലിന്റെ വീടിന് മുന്നിൽ സ്വന്തം ബൈക്ക് നിറുത്തിയിട്ട ശേഷം ഒരാൾ അകത്തേക്ക് കയറി വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്കുമായി സൈനിക സ്‌കൂൾ - ചന്തവിള റോഡ് വഴി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടിച്ച ബൈക്ക് തിരിച്ചറിയാതിരിക്കാൻ പ്രതികൾ പല ഭാഗങ്ങളും ഊരിമാറ്റിയും സ്റ്റിക്കറുകൾ മാറ്റിയും രൂപമാറ്റം വരുത്തിയിരുന്നു. രൂപമാറ്റം വരുത്തിയ നിലയിലാണ് പോലീസ് ബൈക്ക് കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് ഇവരെ അതിവേഗം പിടികൂടാൻ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത കൗമാരക്കാരെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പിനായി ഇവരെ സ്റ്റേഷനിലെത്തിക്കുമെന്നും കഴക്കൂട്ടം പോലീസ് വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന അന്വേഷണമാണ് ബൈക്ക് മോഷണക്കേസിലെ പ്രതികളെ അതിവേഗം കണ്ടെത്താൻ സഹായകമായത്.


