തൃശൂര്‍: ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാവാത്തത് ഗൗരവതരമാണെന്നും രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണ്ണം മുഖ്യമന്ത്രിയുടെ ഓഫീസിന് ദൗര്‍ബല്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.ദേവസ്വം ബോര്‍ഡിലുള്ളവര്‍ തന്നെയാണ് മോഷണത്തിന് നേതൃത്വം നല്‍കിയതെന്നും, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ പങ്ക് അന്വേഷിച്ചാല്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്നും അദ്ദേഹം ആരോപിച്ചു. വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷമാണ് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകുന്നതെന്നും, വാസു മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാക്കളുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നതായും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണപാളിയുടെ അവസ്ഥ ഇതാണെങ്കില്‍ കാണിക്കവഞ്ചിയില്‍ നിന്നും കോടിക്കണക്കിന് രൂപ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകുമെന്നും രമേശ് പറഞ്ഞു. ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഉടനടി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പന്റെ സ്വര്‍ണ്ണം നഷ്ടപ്പെട്ട വിഷയത്തില്‍ ബി.ജെ.പി ആരെയും വെറുതെ വിടില്ലെന്നും, മുഖ്യമന്ത്രിയെക്കൊണ്ടും ദേവസ്വം ബോര്‍ഡിനെക്കൊണ്ടും മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് നാളെ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് 9, 10 തീയതികളില്‍ ജില്ല കേന്ദ്രീകരിച്ചും പിന്നീട് എല്ലാ പഞ്ചായത്തുകളിലും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം.ടി. രമേശ് അറിയിച്ചു. അയ്യപ്പന്റെ മുതല്‍ കൊള്ളയടിക്കുന്നവര്‍ ശബരിമലയില്‍ എന്ത് വികസനമാണ് കൊണ്ടുവരുന്നതെന്ന് അദ്ദേഹം ചോദിച്ചു.