പന്തളം: വലിയ കൂട്ടുകാരായിരുന്നു കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരനും (65) പനങ്ങാട്ടില്‍ പി ജി ഗോപാലപിള്ള (62)യും. ഉറ്റ സുഹൃത്തുക്കള്‍. ഒരുമിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍. അവര്‍ മരണത്തിലും ഒരുമിച്ചു. അതു പക്ഷേ, വളരെ ദാരുണമായിട്ടായിരുന്നുവെന്ന് മാത്രം. കൂരമ്പാല തോട്ടുകര പാലത്തിന് സമീപമുള്ള കൃഷിഭൂമിക്ക് സമീപം ചൊവ്വാഴ്ച രാവിലെ ഇരുവരും ഷോക്കേറ്റ് മരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്.

ഇരുവരും ചേര്‍ന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തില്‍ കാട്ടുപന്നി കയറാതിരിക്കാന്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ വൈദ്യുതി ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാള്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പല പ്രതിവിധികള്‍ നോക്കി, ഒടുവില്‍ വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നു. അത് അവരുടെ മരണത്തിലേക്കും നയിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.