- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരൊറ്റ അടിയിൽ കുഞ്ഞിന്റെ കവിൾ വീങ്ങി..'; സ്കൂൾ വിട്ട് ആരോടും..ഒന്നും മിണ്ടാതെ നേരെ മുറിയിൽ കയറി; രാത്രി അയൽവാസിയുടെ പരാക്രമം; കാര്യം അറിഞ്ഞപ്പോൾ പോലീസിൽ പരാതി നൽകി

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ വീടിനുള്ളിൽ കയറി മർദിച്ച സംഭവത്തിൽ അയൽവാസിക്കെതിരെ വാളയാർ പോലീസ് കേസെടുത്തു. സ്കൂൾ വാനിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. കേസിലെ പ്രതിയായ അയൽവാസി ഒളിവിൽ പോയതായി പോലീസ് അറിയിച്ചു.
വാളയാർ കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ സുധീഷ്കുമാറിന്റെയും ശോഭനയുടെയും മകൻ അമൽ നന്ദിനാണ് (7) മർദനമേറ്റത്. രണ്ടാം ക്ലാസ് വിദ്യാർഥിയായ അമൽനന്ദിന്റെ മുഖത്തും കവിളിലും അടിയേറ്റിട്ടുണ്ട്. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സ്കൂൾ വിട്ട് വാനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ഒരു കുട്ടിയെ അമൽനന്ദ് സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണം. സ്കൂൾ വിട്ടെത്തിയ അമൽനന്ദ് അസ്വസ്ഥനായി മുറിയിലേക്ക് പോയെന്ന് രക്ഷിതാക്കൾ പറയുന്നു.
രാത്രി ഏഴോടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ പിതാവും സമീപവാസിയുമായ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഉണ്ണിക്കൃഷ്ണൻ (38) അമൽനന്ദിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി. കാര്യങ്ങൾ ചോദിച്ചറിയുന്നതിന് മുൻപ് അമൽനന്ദിനെ അരികിലേക്ക് വിളിച്ച് മുഖത്തടിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ വാളയാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കുട്ടികൾക്കു നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണനെതിരെ വാളയാർ പോലീസ് കേസെടുത്തിട്ടുള്ളത്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


