കൽപറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച് ഇരകളാക്കപ്പെട്ടവർ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നു. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി വിക്ടിംസ് ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.

സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതോടൊപ്പംതന്നെ നിയമപരമായി നേരിടാൻ വേണ്ട കാര്യങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരും പങ്കെടുക്കും. സൊസൈറ്റിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവരാണ് വെട്ടിലായിരിക്കുന്നത്. നിക്ഷേപകർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ നേരിൽ കണ്ട് കാര്യങ്ങൾ അറിയിക്കും. അനുകൂല പ്രതികരണമല്ലെങ്കിൽ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരസ്യമായി ബഹിഷ്‌കരിക്കും.

തൊഴിലാളിവർഗ പ്രസ്ഥാനം കർഷകരക്ഷക്കായി ആരംഭിച്ച സ്ഥാപനത്തിന്റെ കെടുകാര്യസ്ഥത ജനങ്ങളെ അറിയിക്കാൻ വാർത്തസമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പ്രചാരണ വാഹനജാഥ നടത്തും. ഇരകളാക്കപ്പെട്ട മുഴുവൻ കുടുംബങ്ങളിലെയും എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി രണ്ടാംഘട്ടമായി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.

അടുത്തഘട്ടമായി സിപിഎം ജില്ല ആസ്ഥാനത്തേക്ക് വഞ്ചിക്കപ്പെട്ട മുഴുവൻ കുടുംബാംഗങ്ങളും സമരം നടത്താനുമാണ് തീരുമാനം. 25 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് സൊസൈറ്റി സമാഹരിച്ചത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, സ്ഥലം വിറ്റുകിട്ടിയ തുക, റിട്ടയർമെന്റ് ആനുകൂല്യം തുടങ്ങിയവയാണ് പ്രധാനമായും പലരും നിക്ഷേപിച്ചത്.