കൊച്ചി: കൈക്കൂലി വാങ്ങവേ കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍. ചെടിച്ചട്ടി ഓര്‍ഡറിന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ എന്‍ കുട്ടമണി അറസ്റ്റിലായത്. തൃശ്ശൂര്‍ വിജിലന്‍സാണ് പിടികൂടിയത്.10000 രൂപയാണ് ഇയാള്‍ കൈക്കൂലി ആയി വാങ്ങിയത്.

സിഐടിയു സംസ്ഥാന കമ്മറ്റി അംഗമാണ് കുട്ടമണി. വളാഞ്ചേരി കൃഷിഭവന് കീഴില്‍ വിതരണം ചെയ്യാനായി ഓര്‍ഡര്‍ ചെയ്ത 5,372 ചെടിച്ചട്ടികളില്‍ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം നിര്‍മാണ യൂണിറ്റ് ഉടമയോട് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. തൃശൂര്‍ ചിറ്റിശ്ശേരിയിലെ കളിമണ്‍പാത്ര നിര്‍മാണ യൂണിറ്റ് ഉടമയോടാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. കമ്മീഷന്റെ ആദ്യ പതിനായിരം രൂപ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാള്‍ പിടിയിലാകുന്നത്.