- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന് കൈക്കൂലി; റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് കൈയോടെ പിടിയില്‍; സൈജു കൈക്കൂലി വാങ്ങിയത് 5,000 രൂപ
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന് കൈക്കൂലി; റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് കൈയോടെ പിടിയില്‍; സൈജു കൈക്കൂലി വാങ്ങിയത് 5,000 രൂപ

കൊച്ചി: വീടുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്കുന്നതിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇന്‍സ്‌പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ എ ജി സൈജുവിനെയാണ് വിജിയന്‍സ് പിടികൂടിയത്. എറണാകുളം ചമ്പക്കര സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ വിദേശത്തുള്ള മകളുടേയും ഭര്‍ത്താവിന്റെയും പേരില്‍ മരട് മുനിസിപ്പാലിറ്റി പരിധിയില്‍ വാങ്ങിയ രണ്ട് വീടുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്കുന്നതിന് 5,000 രൂപയാണ് സൈജു കൈക്കൂലി വാങ്ങിയത്.
വീടുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ജനുവരി ആദ്യം മരട് മുനിസിപ്പാലിറ്റിയില്‍ അക്ഷയ വഴി 1,200 രൂപ ഫീസ് അടച്ച് അപേക്ഷകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് റവന്യൂ ഇന്‍സ്‌പെക്ടറായ സൈജു നേരിട്ട് വന്ന് രണ്ട് വീടുകളുടെയും സ്ഥല പരിശോധന നടത്തുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷവും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാല്‍ പരാതിക്കാരി സൈജുവിനെ നേരില്‍ കണ്ട് തിരക്കിയപ്പോള്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്കണമെന്ന് ആവശ്യപ്പെടുകയും സ്ത്രീയുടെ കൈവശമുണ്ടായിരുന്ന 2,000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.
ശേഷം ഈ തുകയ്ക്ക് ഒരു വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കൂ എന്നും, രണ്ടാമത്തെ വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ വീണ്ടും അക്ഷയ വഴി അപേക്ഷിക്കണമെന്നും, പഴയ അപേക്ഷ അക്ഷയിലേയ്ക്ക് റീ-ഡയറക്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പരാതിക്കാരിയെ തിരികെ അയച്ചു.
തുടര്‍ന്ന് ഇവര്‍ വീണ്ടും അക്ഷയ വഴി അപേക്ഷ നല്കിയതിന് ശേഷം സൈജുവിനെ നേരില്‍ കണ്ടപ്പോള്‍ 3,000 രൂപയുമായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി വിവരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്ന് ഉച്ചക്ക് ഇവരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുനിസിപ്പാലിറ്റി ഓഫീസിനുള്ളില്‍ വച്ച് വിജിലന്‍സ് സംഘം പിടികൂടിയത്. സൈജുവിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ 1064 (വിജിലന്‍സ് ടോള്‍ഫ്രീ നമ്പര്‍), 8592900900, 9447789100 (വാട്‌സാപ്പ്) എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.


