കോട്ടയം: വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശി മനു (22) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. എഴുമാതുരുത്ത് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ സംഭവം നടന്നത്.

പരാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ചതായും യുവാവിനെതിരെ ആരോപണമുണ്ട്. തുടർന്നാണ് ഞായറാഴ്ച രാത്രിതന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ മനു പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മുഹമ്മദ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ മുതൽ ആറുമാസത്തേക്ക് കാപ്പാ ചുമത്തി മനുവിനെ ജില്ലയിൽനിന്ന് നാടുകടത്തുകയും ചെയ്തിരുന്നു.