കൊച്ചി: സര്‍ക്കാര്‍ ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച് സഹോദരങ്ങളുടെ ഏറ്റുമുട്ടൽ. ആലുവ സർക്കാർ ആശുപത്രിയിലാണ് മദ്യലഹരിയിൽ ചേട്ടനും അനിയനും തമ്മിലുള്ള ഏറ്റുമുട്ടിയത്. സംഭവത്തിൽ ആശുപത്രിയുടെ വാതിൽ ഇളകി വീണു. എന്നാൽ പരാതിയില്ലാത്തതിനാൽ ഇരുവരെയും പൊലീസ് കേസെടുക്കാതെ വിട്ടയച്ചു. പൊലീസ് കേസെടുക്കാത്തതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഞായറാഴ്ച രാത്രി ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം.

തിരുവാലൂര്‍ സ്വദേശികളായ രഞ്ജു, സഞ്ജു എന്നിവരാണ് ആശുപത്രിയിൽ ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവരും തമ്മിൽ വാക്കുതര്‍ക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. കയ്യാങ്കളിക്കിടെ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാൽ, പിന്നീട് ആശുപത്രിയിൽ വെച്ച് ചേട്ടനും അനിയനും കൂടി ഏറ്റുമുട്ടി. ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ ആശുപത്രിയിലെ മുൻവശത്തെ വാതിൽ ഇളകി വീഴുകയായിരുന്നു.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ ഇവരെ വിട്ടയക്കുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷാ വീഴ്ചകൾ തുറന്ന് കാട്ടുന്ന സംഭവമായിരുന്നു ഇത്. രോഗികൾക്കും, ആശുപത്രി അധികൃതർക്കുമടക്കം അപകടമുണ്ടാക്കുന്ന രീതിയിൽ അക്രമ സംഭവമുണ്ടായിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഇതിൽ വലിയ വിമർശനവും ഉയരുന്നുണ്ട്.