തിരുവനന്തപുരം: കേരളത്തിന് ഓണസമ്മാനവുമായി ബി എസ് എന്‍ എല്‍.കേരള സെക്ടറില്‍ ബിഎസ്എന്‍എല്‍ 1000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായുള്ള കേക്ക് സഹിതമാണ് ടെലികോം മന്ത്രാലയത്തിന്റെ ട്വീറ്റ്.

രാജ്യത്ത് 4ജി വിന്യാസം തുടരുന്നതിനിടെയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ കേരളത്തില്‍ നാഴികക്കല്ല് പിന്നിടുന്നത്.തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്‌നോളജിയുടെ കരുത്തിലാണ് ബിഎസ്എന്‍എല്ലിന്റെ 4ജി കുതിപ്പ് എന്നതും സവിശേഷതയാണ്.ഒരു ലക്ഷം 4ജി സൈറ്റുകളാണ് ലക്ഷ്യമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേരളത്തില്‍ ആയിരം 4ജി സൈറ്റുകള്‍ എന്ന നാഴികക്കല്ലിലെത്താന്‍ ബിഎസ്എന്‍എല്ലന് സാധിച്ചത്.

രാജ്യത്താകമാനം ഇതുവരെ എത്ര സൈറ്റുകള്‍ 4ജിയിലേക്ക് ബിഎസ്എന്‍എല്‍ അപ്‌ഗ്രേഡ് ചെയ്തു എന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.പ്രതീക്ഷിച്ച സമയത്ത് 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ പൊതുമേഖല ടെലികോം കമ്പനിക്ക് കഴിയുമോ എന്നതും വ്യക്തമല്ല.വിവിധ നഗരങ്ങള്‍ക്ക് പുറമെ പല ജില്ലകളിലും ഗ്രാമ, ഉള്‍നാടന്‍ പ്രദേശങ്ങളിലും ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്ക് എത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് വേഗക്കുറവിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും എന്നാണ് പ്രതീക്ഷ.

4ജി നെറ്റ്വര്‍ക്കിലേക്കുള്ള അപ്‌ഗ്രേഡിംഗ് നടക്കുന്നതിനാല്‍ പലയിടങ്ങളിലും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കില്‍ അടുത്തിടെ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.4ജി സേവനങ്ങള്‍ക്കൊപ്പം 5ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളിലാണ് ബിഎസ്എന്‍എല്‍.തദ്ദേശീയമായുള്ള ടെക്നോളജിയാണ് 5ജിക്കായും ബിഎസ്എന്‍എല്‍ അശ്രയിക്കുന്നത്.4ജി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനായാണ് ആറായിരം കോടി രൂപ കൂടി ബിഎസ്എന്‍എല്ലിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.ഇതിലൂടെ 4ജി വിന്യാസം കൂടുതല്‍ വേഗത്തിലാവും എന്ന് ടെലികോം മന്ത്രാലയം കണക്കുകൂട്ടുന്നു.

ബിഎസ്എന്‍എല്ലിന് അധിക ഫണ്ട് നല്‍കുന്നതിന്റെ അനുമതിക്കായി കേന്ദ്ര ക്യാബിനറ്റിനെ ടെലികോം മന്ത്രാലയം ഉടന്‍ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 2019ന് മുതലുള്ള ഉത്തേജക പദ്ധതികളുടെ ഭാഗമായി ഇതിനകം 3.22 ട്രില്യണ്‍ രൂപ ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.സ്വകാര്യ ടെലികോം നെറ്റ്വര്‍ക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ 4ജി വ്യാപനം വളരെ പിന്നിലാണ്.

ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ബിഎസ്എന്‍എല്‍ സ്വപ്നം പൂര്‍ത്തിയാവാന്‍ 2025 മധ്യേ വരെ കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. 2024 ദിപാവലിയോടെ 4ജി വിന്യാസം പൂര്‍ത്തിയാക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്.സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ കേരളത്തിലും ബിഎസ്എന്‍എല്ലിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ പുതുതായി എത്തിയിരുന്നു. ആയിരക്കണക്കിന് പുത്തന്‍ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് ഇത്തരത്തില്‍ സംസ്ഥാനത്ത് ലഭിച്ചത്.