കോഴിക്കോട്: കോഴിക്കോട് ബീച്ച് സന്ദർശിക്കാനെത്തിയ ആറ് വയസ്സുകാരിക്ക് പരിക്കേറ്റു. പോത്തുകളുടെ ആക്രമണത്തിലാണ് പരിക്ക് പറ്റിയത്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്‍റെ മകള്‍ ഇസ മെഹക്കിനാണ് (6) പരിക്ക് പറ്റിയത്.

കഴിഞ്ഞ ദിവസമാണ് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് സമീപത്തായാണ് സന്ദര്‍ശകരെ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. രണ്ട് പോത്തുകള്‍ പെട്ടെന്ന് ആളുകള്‍ക്കിടയിലേക്ക് എത്തുകയായിരുന്നു. ഇതില്‍ ഒരു പോത്ത് കടലില്‍ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികള്‍ക്കിടയിലേക്ക് ചെന്ന് ആക്രമിച്ചു.

ഇസയുടെ ഇടത് വാരിയെല്ലിനാണ് പരിക്ക് പറ്റിയത്. കുത്തേറ്റ് നിലത്തുവീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. മറ്റ് കുട്ടികളെയും ആക്രമിക്കാൻ ഒരുങ്ങിയപ്പോള്‍ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് ബഹളമുണ്ടാക്കി പോത്തുകളെ ഓടിച്ചു വിടുകയും ചെയ്തു.