കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഒറ്റമുറി കെട്ടിടത്തിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിൽ ആണ് സംഭവം. മുറിക്കുള്ളിൽ ഒരു പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചോ മരിച്ചയാളുടെ വ്യക്തിവിവരങ്ങൾ സംബന്ധിച്ചോ ഇതുവരെ വ്യക്തതയില്ല.

പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് റോഡരികിലുള്ള കെട്ടിടത്തിൽനിന്ന് തീയും പുകയും ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത്. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ സ്ഥലത്തെത്തിയെങ്കിലും, കെട്ടിടത്തിലെ മുറി പൂർണ്ണമായും കത്തിനശിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മുറിക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കല്ലായിയിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഈ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ, മരിച്ചയാൾ ഇദ്ദേഹം തന്നെയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ ഉടമ നിലവിൽ സ്ഥലത്തില്ലെന്നും യാത്രയിലാണെന്നും വിവരമുണ്ട്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.