തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ വാതിൽ തുറന്നു പുറത്തേക്ക് വീണ് എം.ടെക് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കൊല്ലം സ്വദേശിനിയായ മറിയ (22) ആണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.

പാച്ചല്ലൂരിലെ ബന്ധുവീട്ടിൽ നിന്ന് ശ്രീചിത്ര എൻജിനീയറിങ് കോളേജിലേക്ക് പോകാനായി പാറവിളയ്ക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്ന് മറിയ ബസ്സിൽ കയറിയതായിരുന്നു. പൂവാർ ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ്സിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ബസ് ഏകദേശം 20 മീറ്റർ മുന്നോട്ട് എടുത്തപ്പോഴാണ്, യാതൊരുവിധ ബാലൻസും ലഭിക്കാതെ വാതിൽ തുറന്ന് മറിയ പുറത്തേക്ക് വീണത്.

ബാഗിൻ്റെ വള്ളി വാതിലിൻ്റെ ലോക്കിൽ കുടുങ്ങിയതാണ് വാതിൽ തുറക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയിൽ മറിയയുടെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ചാക്കയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിനുള്ളിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ചികിത്സ നൽകി . ബന്ധുവീട്ടിൽ താമസിച്ചാണ് വിദ്യാർത്ഥിനി പഠനം നടത്തുന്നത്.