കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിൽ പത്തൊമ്പതുകാരന്‍ വിദ്യാര്‍ഥി അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ചേര്‍ന്ന് നടത്തിയ പ്രതിഷേധം പോലീസ് ഇടപെട്ട് നീക്കം ചെയ്തു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. അമിത വേഗതയില്‍ ഓടിച്ചുവന്ന സ്വകാര്യ ബസ്, സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചുവീഴ്ത്തി, മറിഞ്ഞ യുവാവിന്റെ തലയിലൂടെ ടയര്‍ കയറി മരണപ്പെടുകയായിരുന്നു. പേരാമ്പ്ര സ്വദേശിയായ അബ്ദുല്‍ ജവാദ് (19) ആണ് മരണപ്പെട്ടത്.

സംഭവത്തിന് പിന്നാലെ പ്രതിഷേധകാര്‍ റോഡ് ഉപരോധിച്ച് റീത്തുമായി എത്തി അത് കത്തിച്ചു. പൊലീസ് ജീപ്പിനു മുകളിലും പ്രതിഷേധക്കാര്‍ റീത്തു വെക്കാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാര അവിടെ നിന്ന് നീക്കിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും എഫ്ഐആറില്‍ ബസ് ഡ്രൈവറുടെയും ബസിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നു. ഇത് പ്രതിഷേധം തീവ്രമാകാന്‍ ഇടയാക്കി.

അമിത വേഗം, മറികടക്കല്‍ മത്സരങ്ങള്‍ തുടങ്ങിയവയ്ക്ക് വ്യാപകമായ പരാതികളുണ്ടായിരുന്നുവെന്നും നിരവധി ബസുകള്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ കര്‍ശന നടപടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കാരണമാകുമെന്ന് സംഘടനകള്‍ പറഞ്ഞു. അതേസമയം, പോലീസ് അന്വേഷണവും പ്രതികള്‍ക്കെതിരായ നടപടികളും പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.