മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. തൃശ്ശൂരിലേക്ക് പോയ 'പാരഡൈസ്' എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. റോഡിലെ മൺകൂന ശ്രദ്ധയിൽപെട്ട് പൊടുന്നനെ ഡ്രൈവർ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. 50 മീറ്ററോളം നിരങ്ങി പോയ ശേഷമാണ് ബസ് മറിഞ്ഞത്.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.