കോട്ടയം: കുറവിലങ്ങാടി വെമ്പള്ളിയിൽ ഹോട്ടലിനു മുന്നിൽ നിർത്തിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടിറങ്ങി സമീപത്തെ ചതുപ്പിൽ ഇടിച്ചു നിന്നു. അപകടത്തിൽ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം സ്വദേശിനിയായ യാത്രക്കാരിയാണ് അത്ഭുതകരമായി രക്ഷപെട്ടത്. ഇന്ന് രാത്രി 9 മണിയോടെ കുറവിലങ്ങാട് വെമ്പള്ളിയിലെ ഹോട്ടലിനു മുന്നിലായിരുന്നു അപകടം.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സര്‍വീസില്‍ ഉള്‍പ്പെട്ട പുതിയ മാര്‍ക്കോപോളോ ബസ്.ബസ് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി വെമ്പള്ളിയ്ക്കു സമീപത്തെ ഹോട്ടലില്‍ നിര്‍ത്തുകയായിരുന്നു. ഈ ഹോട്ടലിനു മുന്നില്‍ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കാനായി പോയി.

എന്നാല്‍, കോട്ടയത്ത് ഇറങ്ങേണ്ടതിനാല്‍ യാത്രക്കാരി ബസിനുള്ളില്‍ തന്നെ ഇരുന്നു. ഈ സമയത്താണ് ബസ് തനിയെ മുന്നോട്ട് നിരങ്ങി നീങ്ങിയത്. തുടര്‍ന്ന് സമീപത്തെ ചതുപ്പില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ബസ് മുന്നോട്ട് നീങ്ങുന്നത് കണ്ട് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണാണ് ഇവര്‍ക്ക് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല.