- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്-താമരശ്ശേരി റൂട്ടില്‍ സ്വകാര്യബസും കാറും തമ്മില്‍ അപകടം; ബസുകാരും കാറുകാരും തമ്മില്‍ വാക്ക് തര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തില്‍; ആറ് പേര്‍ക്ക് പരിക്ക്; ആശുപത്രിയുടെ മുന്നിലും തല്ല്
താമരശ്ശേരി: കോഴിക്കോട്-താമരശ്ശേരി റൂട്ടില്‍ സ്വകാര്യബസും കാറും തമ്മില്‍ ഉണ്ടായ ചെറിയ അപകടത്തെ തുടര്‍ന്ന് ആരംഭിച്ച വാഗ്വാദം കൂട്ടത്തല്ലിലേക്കു മാറി. കഴിഞ്ഞ രാത്രി 8 മണിയോടെയാണ് കുന്ദമംഗലം ഐഐഎമ്മിന് സമീപം അമാന്‍ സിന്‍ഡിക്കേറ്റ് ബസും കാറും തമ്മില്‍ ഇടിച്ചത്. ബസ്സ് മുന്നോട്ട് എടുത്തപ്പോള്‍ കാറിന്റെ ഭാഗം പൊളിഞ്ഞതായി വാഹനയാത്രികര്‍ ആരോപിക്കുന്നു.
അപകടം ഗതാഗതക്കുരുക്കുള്ള പ്രദേശത്ത് സംഭവിച്ചതിനാല്‍ ട്രാഫിക് പൊലീസ് ഇരുകൂട്ടര്‍ക്കും വാഹനം മാറ്റിവെക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, ബസ്സ് സ്ഥലത്തുനിന്ന് തുടര്‍ന്ന് മുന്നോട്ടുപോയതിനെതിരെ കാറിലുണ്ടായിരുന്ന യാത്രികര്‍ താമരശ്ശേരി കാരാടിയില്‍ വെച്ച് ബസ്സ് തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും സുഹൃത്തുക്കള്‍ സ്ഥലത്തെത്തുകയും വാക്കുതര്‍ക്കവും കയ്യാങ്കളിയും അരങ്ങേറുകയുമായിരുന്നു.
സംഭവത്തില്‍ കാറിലുണ്ടായിരുന്ന കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശികളായ ഉനൈസ്, ഫാത്തിമ, ബസ് ജീവനക്കാരായ ലക്കിടി സ്വദേശി പ്രശോഭ്, താമരശ്ശേരി സ്വദേശി അസ്സന്‍ മുഹമ്മദ്, പുവ്വാട്ടുപറമ്പ് സ്വദേശി ഷമ്മാസ് എന്നിവര്‍ പരിക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ഇരുവിഭാഗങ്ങളുടെയും ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടമായി എത്തി നിലയുറപ്പിച്ചതോടെ വീണ്ടും വാക്കുതര്‍ക്കങ്ങള്‍ നടന്നുവെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെയുണ്ടായ സംഘര്‍ഷത്തിനിടെ കാറുയാത്രികരുടെ ബന്ധുവായ അനീഷ് എന്നയാളെ ബസ് ജീവനക്കാരുടെ സുഹൃത്തുക്കള്‍ ആയുധമുപയോഗിച്ച് മര്‍ദിച്ചതായി ആരോപണമുണ്ട്. മുഖത്തും വയറിലും മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ അനീഷും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
സംഭവം സംബന്ധിച്ച് കാറുടമ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയതും, മര്‍ദനത്തിനിടെ പരിക്കേറ്റവരുടെ പരാതി താമരശ്ശേരി പോലീസിലും രജിസ്റ്റര്‍ ചെയ്തതായും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ ബസ്സില്‍ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അല്‍പനേരം സംഘര്‍ഷപരമായ അന്തരീക്ഷം നിലനിന്നു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തിയാണ് സാഹചര്യം നിയന്ത്രണത്തിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.