കുമളി: വീടുവിട്ടിറങ്ങിയ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബസ് ദീവനക്കാര്‍ ചേര്‍ന്ന് പോലിസില്‍ ഏല്‍പ്പിച്ചു. കെഎസ്ആര്‍ടിസി ബസില്‍ കുമളിയിലേക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് സംശയം തോന്നിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് കുമളി പൊലീസില്‍ ഏല്‍പിച്ചത്. പൊലീസ് കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. രാവിലെ സ്‌കൂളില്‍ പോയ കുട്ടികള്‍ വീട്ടുകാരോടു പറയാതെ ബസില്‍ കയറി കട്ടപ്പനയ്ക്ക് ടിക്കറ്റെടുത്തു.

കട്ടപ്പനയിലിറങ്ങാതെ പിന്നീട് കുമളിക്ക് ടിക്കറ്റെടുത്തു. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ബസിലെ സ്ഥിരം യാത്രക്കാരായ സര്‍ക്കാര്‍ ജീവനക്കാരുമായി സംശയം പങ്കുവച്ചു. തുടര്‍ന്ന് കുമളി പൊലീസില്‍ അറിയിച്ചു. ബസ് കുമളി സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കാത്തു നിന്നിരുന്ന പൊലീസുകാര്‍ പെണ്‍കുട്ടികളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.