- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണം; സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ് ഉടമകള്‍; പ്രതിഷേധത്തിന്റെ ഭാഗമായി 'ബസ് സംരക്ഷണ ജാഥ' സംഘടിപ്പിക്കുമെന്ന് ബസ് ഉടമകള്‍
പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ വിദ്യാര്‍ത്ഥി യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങുന്നു. നിലവിലെ ഒരു രൂപ മിനിമം നിരക്ക് അഞ്ചു രൂപയാക്കണമെന്നതാണ് പ്രധാന ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി ഏപ്രില്‍ 3 മുതല്‍ 9 വരെ കാസര്‍ഗോഡില്‍ നിന്ന് തിരുവനന്തപുരം വരെ 'ബസ് സംരക്ഷണ ജാഥ' സംഘടിപ്പിക്കുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി.
ആവശ്യം അനുകൂലമായി പരിഗണിക്കപ്പെടാതെ വന്നാല്‍ ബസുടമകള്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. പുതിയ അധ്യയന വര്‍ഷത്തിനുമുമ്പ് പുതിയ നിരക്ക് നടപ്പാക്കണമെന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം.
കഴിഞ്ഞ 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ യാത്ര നിരക്ക് ഒരു രൂപയിലേറെയായിട്ടില്ല. ഇതിനിടെ ഇന്ധനച്ചെലവ്, വാഹനപരിശോധനാ ഫീസ്, ഇന്‍ഷുറന്‍സ്, കരാര്‍ പിരിവ് എന്നിവയടക്കം കുതിച്ചുയര്‍ന്നതോടെ ബസ് സര്‍വീസ് തുടരാന്‍ ബുദ്ധിമുട്ടായെന്നാണ് ബസുടമകളുടെ പരാതി.
വിദ്യാര്‍ത്ഥി യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത പഠിക്കാന്‍ സര്‍ക്കാര്‍ വിവിധ കമ്മീഷനുകള്‍ നിയമിച്ചിരുന്നു. എന്നാല്‍, അവരുടെ ശുപാര്‍ശകള്‍ ഇപ്പോഴും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും ബസുടമകള്‍ ആരോപിക്കുന്നു. ഈ അവഗണന തുടര്‍ന്നാല്‍ സമര പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ബസ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കി.