കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ശോചനീയവസ്ഥ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. മുല്ലപ്പെരിയാര്‍ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി നേതൃത്വം നല്‍കിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കാലം ആകുമ്പോള്‍ ഓര്‍മ്മിക്കുകയും വേനല്‍ക്കാലം ആകുമ്പോള്‍ മറക്കുകയും ചെയ്യുന്ന ഒരു വിഷയം മാത്രമാണ് മുല്ലപ്പെരിയാര്‍. കഴിഞ്ഞ 26 വര്‍ഷമായി മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യുന്നു. ഇന്നുവരെയും ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ ആര്‍ക്കും കഴിയുന്നില്ല. മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മിഷന്‍ ചെയ്യണം. മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട്ടില്‍ ഡാം നിര്‍മ്മിച്ച് അവിടെത്തന്നെ ശേഖരിക്കട്ടെ എന്ന നിലപാട് കേരളം സ്വീകരിക്കണം. തമിഴ്നാടിന് വെള്ളം ലഭ്യമാക്കണമെന്ന കാരണത്താല്‍ ലക്ഷക്കണക്കിന് ജീവനുകളെ നിസ്സാരമായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി പറഞ്ഞു. തമിഴ്നാടിന് കേരളം ജലം നല്‍കണമെന്നത് ഒരു തെറ്റായ വാദഗതിയാണ്. നിലവില്‍ തമിഴ്നാട്ടില്‍ നിരവധി അണക്കെട്ടുകള്‍ പ്രത്യേകിച്ചും മധുര ജില്ലയില്‍ തന്നെ ഉണ്ട്. എന്നിട്ടും കേരളത്തില്‍ നിന്ന് ജലം കൊടുക്കണം എന്ന് പറയുന്നത് അംഗീകരിക്കുവാന്‍ കഴിയാത്ത വാദഗതി ആണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം വഞ്ചി സ്‌ക്വയറില്‍ നടന്ന ഏകദിന ഉപവാസത്തില്‍ മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി മുന്‍ ചെയര്‍മാന്‍ പ്രൊഫ. സി പി റോയ്, കേരള കൗമുദി സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.എസ് സോമനാഥന്‍, ആലുവ പരിസ്ഥിതി സംഘം സെക്രട്ടറി സി. ഐ. അബ്ദുല്‍ ജബ്ബാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ്, സേവ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അമൃത പീതം ,
അഡ്വ : അനു കൃഷ്ണ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജീവന്‍ ടിവി എക്സിക്യൂട്ടീവ് എഡിറ്ററുമായ പി ജെ ആന്റണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ഷംസുദ്ധീന്‍, മൈനോറിറ്റി ദേശീയ ജനല്‍ സെക്രട്ടറി,നാദിര്‍ഷ കടായിക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ നൂര്‍ജഹാന്‍ കോട്ടയം, സാബു മത്തായി, ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ: ഷാജി തെങ്ങുംപിള്ളില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ: സൈഫുദ്ധീന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് രാജു ജേക്കബ് , സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഭാസ്‌കന്‍ മാലിപ്പുറം , എന്‍. വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂര്‍ എന്‍. വൈ.സി സംസ്ഥാന സെക്രട്ടറി സയ്യിദ് ഹാഷിര്‍ എന്നിവര്‍ ഉപവാസത്തില്‍ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കുമാര്‍ കുളത്തൂര്‍ സ്വാഗതം പറഞ്ഞു.