തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളും പിഎസ്സിയില്‍ 35 തസ്തികകളും ജുഡീഷ്യറിയില്‍ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-കക താല്‍ക്കാലിക തസ്തികകള്‍ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ശുചിത്വ-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുക. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 35 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

436 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകള്‍

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളില്‍ കൂടി താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കും. ഇതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രമാപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി.

പി എസ് സിയില്‍ 35 തസ്തികകള്‍

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ 35 തസ്തികകള്‍ സൃഷ്ടിക്കും. ജോയിന്റ് സെക്രട്ടറി - 1, അണ്ടര്‍ സെക്രട്ടറി - 3, സെക്ഷന്‍ ഓഫീസര്‍ - 6, അസിസ്റ്റന്റ് - 18, സിസ്റ്റം മാനേജര്‍, നെറ്റ് വര്‍ക്ക് എഞ്ചിനിയര്‍, സിസ്റ്റം അനലിസ്റ്റ് - 1 വീതം, അസിസ്റ്റന്റ് ഹാര്‍ഡ് വെയര്‍ എഞ്ചിനിയര്‍, സെക്യൂരിറ്റി ഗാര്‍ഡ് (ദിവസ വേതനം) - 2 വീതം.

ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റില്‍ 52 തസ്തികകള്‍

ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റില്‍ 52 തസ്തികകള്‍ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട് - 18, ബെഞ്ച് ക്ലര്‍ക്ക് - 8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക് - 3, ക്ലര്‍ക്ക് - 23.

റാന്നി ഇട്ടിച്ചുവട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം മുതല്‍ ബയോ സയന്‍സ് ബാച്ചില്‍ ആറ് എച്ച് എസ് എസ് ടി ജൂനിയര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഒരു എച്ച് എസ് എസ് ടി ഇംഗ്ലീഷ തസ്തിക അപഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി.

സമാശ്വാസ തൊഴില്‍ദാന പദ്ധതി

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ സുപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലി ചെയ്തുവരവെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് 29/03/2025 ഉത്തരവ് പ്രകാരമുള്ള സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കും. നിലവില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി കൊടുക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല.

വിരമിക്കല്‍ പ്രായം ഉയര്‍ത്തി

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 വയസ്സില്‍ നിന്ന് 60 വയസാക്കി ഉയര്‍ത്തി.

വായ്പ സ്വീകരിക്കാന്‍ അനുമതി

വനത്തിലെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ശക്തിപ്പെടുത്താനും മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വനം വകുപ്പ് തയ്യാറാക്കിയ പദ്ധതി അംഗീകരിച്ചു. പങ്കാളിത്ത വനപരിപാലനം എന്ന ഉദ്ദേശ്യത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് ജര്‍മ്മനിയിലെ കെ എഫ് ഡബ്ല്യു ഡവലെപ്മെന്റ് ബാങ്കില്‍ നിന്നും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ മാറ്റ മന്ത്രാലയം മുഖാന്തിരം നിബന്ധനകള്‍ക്ക് വിധേയമായി വായ്പ സ്വീകരിക്കാന്‍ അനുമതി നല്‍കി.