ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വളർത്തുനായയുടെ കടിയേറ്റു. ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ സ്ഥാനാർത്ഥി ജാൻസി വിജുവിനാണ് ഇന്നലെ രാവിലെ പത്തോടെയാണ് കടിയേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പ്രവർത്തകർക്കൊപ്പം വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ വീട്ടിലാണ് സംഭവം.

വീടിൻ്റെ വളപ്പിൽ കൂട്ടിൽ നിന്ന് അഴിച്ചുവിട്ടിരുന്ന നായ പെട്ടെന്ന് ജാൻസിയുടെ നേർക്ക് പാഞ്ഞെത്തി കടിക്കുകയായിരുന്നു. സംഭവം നടന്നയുടൻ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ജാൻസിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കാലിലാണ് നായ കടിച്ചത്. ചികിത്സ പൂർത്തിയായതിന് ശേഷം ഉച്ചയോടെ ജാൻസി പ്രചാരണ പരിപാടികൾ പുനരാരംഭിച്ചു.