- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ നിർവഹിച്ച് മടങ്ങവേ കാറപകടം; മലയാളി കുടുംബത്തിലെ കൈക്കുഞ്ഞ് മരിച്ചു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശികളുടെ ആറുമാസം പ്രായമായ കുഞ്ഞ്
റിയാദ്: സൗദി അറേബ്യയിലെ അൽഖോബാറിൽ നിന്നും ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ അർവയാണ് റിയാദിൽനിന്ന് 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ മരിച്ചത്.
ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. റിയാദ്-മക്ക റോഡിൽ അൽഖസറയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. അർവക്കും ഹസീമിന്റെ ഭാര്യാമാതാവ് നജ്മുനിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്. ഭാര്യ ജർയ, മറ്റു മക്കളായ അയാൻ, അഫ്നാൻ എന്നിവർക്ക് നിസാരപരിക്കുകളാണ് സംഭവിച്ചത്. പൊലീസും റെഡ്ക്രസന്റ് അഥോറിറ്റിയും ചേർന്ന് ഉടൻ തന്നെ എല്ലാവരെയും അൽഖസറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അർവ മരിച്ചത്. നജ്മുന്നിസയെ അൽ ഖുവയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അപകട സ്ഥലത്ത് നിന്നും അഞ്ച് ആംബുലൻസുകളിലായാണ് പരിക്കേറ്റവരെ തൊട്ടടുത്തുള്ള അൽഖാസറ ജനറൽ ആശുപത്രിയിലെത്തിച്ചത്. റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹ്ബൂബ് മാളിയേക്കൽ, ഹാരിസ് കുറുവ എന്നിവർ സംഭവസ്ഥലത്തെത്തി കുടുംബത്തിനാവശ്യമായ സഹായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ