തൃശൂര്‍: ഇരുചക്രവാഹനത്തിൽ കാറിടിച്ച് പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിലൂടെ കാർ കയറ്റിയിറക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാള ഗുരുതുപ്പാല സ്വദേശി സുനില്‍ കുമാറി(41)നെയാണ് മാള പോലീസ് പിടികൂടിയത്. കുഴൂര്‍ സ്വദേശിയായ പുഷ്പനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഓഗസ്റ്റ് 17-ന് വൈകീട്ട് നാലുമണിയോടെ മാള കുഴൂരിലായിരുന്നു സംഭവം. സുനിൽ കുമാർ ഓടിച്ചിരുന്ന കാർ ഒരു ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സുനിൽ കുമാർ വിസമ്മതിച്ചതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ ബഹളം വെച്ചു. ഈ തർക്കം കണ്ട് ഇടപെട്ട പ്രദേശവാസിയായ പുഷ്പൻ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് സുനിലിനോട് ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതനായ സുനിൽ കുമാർ പുഷ്പന്റെ കാലിലൂടെ കാറിന്റെ ചക്രം കയറ്റിയിറക്കിയ ശേഷം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. ഇയാൾ മാള, അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. സ്ത്രീകളെ അപമാനിക്കൽ, അടിപിടി, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കൽ എന്നിങ്ങനെ നാലോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് അന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു.