എറണാകുളം: കടവന്ത്രയിൽ ബസ് കാലിലൂടെ കയറിയിറങ്ങി യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരിക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സമയം കെ എൽ 15 എ 2289 കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വൈക്കം സ്വദേശിയായ ജീബ സന്തോഷ് (48) എന്നയാളാണ് അപകടത്തിൽപ്പെട്ടത്.

ഭാരതീയ നിയമ സംഹിതയിൽ 281, 125 (എ) വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് രാവിലെ 10 മണിയോടെ കടവന്ത്ര ലോട്ടസ് കെയർ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഇരു കാലുകൾക്കും ഗുരുതരമായി പരിക്കുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അപകട ശേഷം കെഎസ്ആർടി ബസ് നിർത്താതെ പോയെന്നാണ് കണ്ട് നിന്നവർ പറയുന്നത്.

ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിഗ്നൽ മാറിയതോടെ മുന്നോട്ടെടുത്ത ബസ് റോഡ് മുറിച്ച് കടക്കുകയായിരുന്നു യുവതിയുടെ കാലിൽ കയറി ഇറങ്ങുകയായിരുന്നു. കെഎസ്ആർടി ബസ് നിർത്താതെ പോയെങ്കിലും പിന്നാലെ വന്ന കാറിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടവന്ത്രയിലുള്ള ഇന്ദിര ഗാന്ധി ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്.