- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീആളിക്കത്തി ട്രാൻസ്ഫോമറിന് അടുത്ത് വരെയെത്തി; പരിഭ്രാന്തിയിൽ നാട്ടുകാർ; ഒഴിവായത് വൻ ദുരന്തം

കുമ്പനാട്: കുമ്പനാടിന് സമീപം തരിശുഭൂമിയിലുണ്ടായ തീപിടിത്തം സമീപത്തെ ട്രാൻസ്ഫോർമറിന് അടുത്തെത്തിയതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. കഴിഞ്ഞ ദിവസം രാവിലെ 11:30 ഓടെ കുമ്പനാട് ഓതറ റോഡിൽ കൊച്ചാലുമൂടിന് സമീപം പുത്തൻപീടിക ഭാഗത്താണ് സംഭവം. കെഎസ്ഇബിയുടെയും അഗ്നിരക്ഷാസേനയുടെയും സമയബന്ധിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.
വേനൽ കടുത്തതോടെ സംസ്ഥാനത്ത് തീപിടിത്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആൾത്താമസമില്ലാത്ത പുരയിടത്തിൽ നിന്ന് തീ പടർന്നത്. ട്രാൻസ്ഫോർമറിന് സമീപം വരെ തീ എത്തിയതാണ് വലിയ ആശങ്കയ്ക്ക് ഇടയാക്കിയത്.
വിവരമറിഞ്ഞെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ പുത്തൻപീടിക ഭാഗത്തെ 11 കെ.വി. ലൈനിലേക്കും ട്രാൻസ്ഫോർമറിലേക്കുമുള്ള വൈദ്യുതി ബന്ധം ഉടനടി വിച്ഛേദിച്ചു. ഇത് തീ പടർന്ന് വലിയ വൈദ്യുതാഘാതമോ മറ്റ് അപകടങ്ങളോ ഉണ്ടാകാനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതാക്കി.
തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽകുമാർ, ഓഫീസർമാരായ വിനോദ് ടൈറ്റസ്, ഷിബിൻ രാജ്, ആകാശ് തോമസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വേനൽക്കാലത്ത് തരിശു പുരയിടങ്ങളിലെ കാടും പുല്ലും വെട്ടിത്തെളിയിക്കാൻ ഭൂവുടമകൾക്ക് പഞ്ചായത്തുകൾ നിർദേശം നൽകണമെന്നും, അനാസ്ഥമൂലമുണ്ടാകുന്ന അപകടങ്ങൾക്കും തീ കെടുത്താനുമുള്ള ചെലവ് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വേനൽക്കാലത്ത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.


