ആലപ്പുഴ: ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. തലവടി കൊച്ചമ്മനം തട്ടങ്ങാട്ട് വീട്ടിൽ ടി.ടി സജികുമാറിനെ (52) ആണ് എടത്വാ പോലീസ് പിടികൂടിയത്. തലവടി മാണത്താറ ആറ്റുതീരം റോഡിൽ വെച്ചായിരുന്നു സംഭവം. വഴിയാത്രക്കാരിയായ തലവടി സ്വദേശിനിയുടെ മാല മോഷ്ടിച്ചാണ് പ്രതി കടന്നത്. മോഷണം നടത്തുന്നതിടെ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മോഷണത്തിന് ശേഷം ഇയാൾ മറ്റൊരു സംസ്ഥാനത്തിൽ ഒളിവിലായിരുന്നു.

പ്രതിയെ തേടി ഇതര സംസ്ഥാനത്തേക്ക് പോകാനിരിക്കെയാണ് കഴിഞ്ഞ ദിവസം ഇയാൾ തലവടിയിലെ വീട്ടിലുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണ സംഘം വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

സമീപവാസികൾ ആറ്റിൽ തുണി അലക്കാൻ എത്തിയപ്പോഴാണ് തലവടി സ്വദേശിനിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള പിടിവലിക്കിടയിലാണ് ബോധം നഷ്ടപ്പെട്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ച ഇവർ നിരവധി ദിവസം ചികിത്സയിൽ ആയിരുന്നു

അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ എടത്വാ എസ്.ഐ എൻ രാജേഷ്, എ.എസ്.ഐ പ്രതീപ് കുമാർ, സി.പി.ഒമാരായ അജിത്ത് കുമാർ, വൈശാഖ്, ജസ്റ്റിൻ, രാജൻ, സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരായ ടോണി വർഗീസ്, ഹരികൃഷ്ണൻ, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.