കൊച്ചി: എറണാകുളം വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റ് സമുച്ചയം ആറുമാസത്തിനുളളില്‍ പൊളിച്ചുനീക്കും. പരിശോധനയില്‍ ബലക്ഷയം കണ്ടെത്തിയതിനാലാണ് പൊളിച്ചു നീക്കാന്‍ നടപടി. മരട് ഫ്‌ലാറ്റ് പൊളിച്ചുനീക്കിയ മൂന്നു കമ്പനികളാണ് കെട്ടിടം പരിശോധിച്ച ശേഷം ഇക്കാര്യം അറിയിച്ചത്. തൊട്ടടുത്തു തന്നെ മറ്റൊരു ഫ്‌ലാറ്റ് സമുച്ചയമുളളതും സമീപത്ത് കൂടി മെട്രോ റെയില്‍വേ ലൈന്‍ കടന്നുപോകുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.

മരട് ഫ്‌ലാറ്റുകള്‍ പൊളിച്ച അതേ മാതൃകയില്‍ത്തന്നെ ചന്ദര്‍ കുഞ്ജ് ഫ്‌ളാറ്റുകളും പൊളിച്ചുനീക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധരായ സൗത്താഫ്രിക്കയിലെ എഡിഫസ് കമ്പനി, ചെന്നെയിലെ വിജയാ സ്റ്റീല്‍സ് തുടങ്ങിയവര്‍ അറിയിച്ചിരിക്കുന്നത്. ആറുമാസത്തെ സമയം വേണം. ഒരൊറ്റ സ്‌ഫോടനത്തിലൂടെ രണ്ട് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാം. പത്തു സെക്കന്റിനുളളില്‍ 26 നിലകള്‍ തവിടുപൊടിയാകും. അവിശ്ടങ്ങള്‍ നീക്കാന്‍ മൂന്നുമാസം കൂടി വേണ്ടിവരും.

ഇതേസ്ഥലത്തുതന്നെ പുതിയഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കാം. ചന്ദര്‍ കുഞ്ച് അപ്പാര്‍ട് മെന്റിലെ ബി,സി ബ്ലോക്കുകളാണ് പൊളിക്കുന്നത്. എ ബ്ലോക്ക് അതേപടി നിലനിര്‍ത്തും. ഫ്‌ലാറ്റ് സമുച്ചയം അപകടാവസ്ഥായിലാണെന്ന് പൊളിക്കല്‍ കമ്പനികള്‍ അറിയിച്ചു. താമസക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. പൊളിക്കുന്നത് സംബന്ധിച്ച് വിദഗ്ധ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ച ശേഷമാകും ഇതിനാലുളള കരാര്‍ അടക്കമുളള നടപടികളിലേക്ക് കടക്കുക.