കല്‍പ്പറ്റ: ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ തുടർന്ന പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് നടപടി. കല്‍പ്പറ്റ പോലീസാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്. ജില്ല പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്.

നിരവധി കേസുകളിൽ പ്രതിയായിരുന്ന ഷാഫിയെ മാസങ്ങള്‍ക്ക് മുമ്പ് കാപ്പ ചുമത്തി ജയില്‍ ഇട്ടിരുന്നു. എന്നാല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായത്. തുടർന്നാണ് പോലീസും ജില്ല ഭരണകൂടവും നടപടിയെടുക്കാൻ തീരുമാനിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

കവര്‍ച്ച, മോഷണം, ദേഹോപദ്രവം, അടിപിടി, ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഷാഫിയെന്ന് പോലീസ് അറിയിച്ചു. തുടർന്നും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വയനാട്ടിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും നിരന്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് നടപടിയെടുക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി തപോഷ് ബസുമാതാരി അറിയിച്ചു.