കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ പോലീസിന് വെല്ലുവിളിയായി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയാണ് വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റിയത്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെ ജനാലകളും സിറ്റൗട്ടിന്റെ ഒരു ഭാഗവും അടിച്ചു തകര്‍ത്തു. പ്രദേശവാസികളായ രണ്ട് യുവാക്കളെ സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന ഋതുവിന്റെ മാതാപിതാക്കള്‍ നേരത്തെ തന്നെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു.

അതേസമയം, പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നാല് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കസ്റ്റഡി അനുവദിച്ച് കഴിഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ പോലീസിന് ഏര്‍പ്പെടുത്തി തെളിവെടുപ്പ് നടത്താനാണ് പോലീസ് ആലോചിക്കുന്നത്. നേരത്തെ പ്രതിയെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ജനങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തില്‍ ജിതിന് തലയ്ക്ക് സാരമായി പരിക്കേറ്റു. ജിതിന്‍ നിലവില്‍ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.