തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിവാദത്തിൽ ഗതാഗതമന്ത്രിയെ പരിഹസിച്ച് സിഐടിയു രംഗത്ത്. മന്ത്രി ആന്റണി രാജുവിനെയും കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെയും വിക്രമാദിത്യനും വേതാളവുമായി ഉപമിച്ചായിരുന്നു പരിഹാസം. വേതാളത്തെ വിക്രമാദിത്യൻ തോളത്തിട്ടതു പോലെ മന്ത്രി സിഎംഡിയെ ചുമക്കുകയാണെന്നാണ് കെഎസ്ആർടിഇഎ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ കുറ്റപ്പെടുത്തി.

കുറേ നാളുകളായി വിക്രമാദിത്യൻ-വേതാളം കളി കെഎസ്ആർടിസിയിൽ നടക്കുന്നു. അതങ്ങ് അവസാനിപ്പിച്ചേക്കണം. ഒരു വസ്തുതയുമായി പുലബന്ധമില്ലാതെ തോളത്തു തൂക്കിയിട്ടിരിക്കുന്ന ആ വേതാളത്തിന്റെ കഥ കേട്ടുകൊണ്ട് എന്തും വിളിച്ചു പറയാവുന്ന നില അവസാനിപ്പിക്കണം. ഞങ്ങൾ ഇടതുപക്ഷക്കാരോട് പ്രത്യേകിച്ചും. സിഐടിയു നേതാവ് മുന്നറിയിപ്പ് നൽകി.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെ അനുകൂലിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തു വന്നിരുന്നു. മാസം ആദ്യം തന്നെ മുഴുവൻ ശമ്പളവും ആവശ്യമില്ലല്ലോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കിൽ ചർച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സിഐടിയുവിനെ ചൊടിപ്പിച്ചത്.

ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണ്. ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തശേഷം വേണമെങ്കിൽ ചർച്ചയാകാം എന്ന രീതി ഇടതുപക്ഷ സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്ന് സിഐടിയു കുറ്റപ്പെടുത്തുന്നു. ശമ്പളത്തിന് ടാർഗറ്റ് വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തിലും സിഎംഡി ബിജു പ്രഭാകറുമായി കടുത്ത ഭിന്നതയിലാണ് തൊഴിലാളി സംഘടനകൾ.