തിരുവനന്തപുരം: കെഎസ്ഇബിയില്‍ സിവില്‍ വിഭാഗം എന്‍ജിനീയര്‍ തസ്തികകള്‍ വെട്ടിക്കുറച്ചേക്കും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാത്ത അവസ്ഥയില്‍ അത്രയും തസ്തിക ആവശ്യമില്ലെന്നാണ് കണ്ടെത്തല്‍. തസ്തികകള്‍ വെട്ടി കുറയ്ക്കുന്നതു പരിഗണിക്കുമെന്നു ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും വെവ്വേറെ യോഗങ്ങളില്‍ കെഎസ്ഇബി സിഎംഡി മുന്നറിയിപ്പ് നല്‍കി.

50 വര്‍ഷം മുന്‍പ് ഒട്ടേറെ പുതിയ പദ്ധതികള്‍ ഏറ്റെടുത്ത കാലത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. സിവില്‍ വിഭാഗത്തിലെ 4 ചീഫ് എന്‍ജിനീയര്‍ തസ്തിക രണ്ടായും 11 ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍ ഏഴായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മുതല്‍ താഴേക്കുള്ള തസ്തികകള്‍ ആനുപാതികമായും കുറയ്ക്കാനാണ് നീക്കം.

സിവില്‍ വിഭാഗത്തെ കെട്ടിടം, പദ്ധതികള്‍ എന്നിങ്ങനെ തിരിച്ചാണ് ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തുക. തസ്തിക കുറയ്ക്കുന്ന കാര്യത്തില്‍ ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും സംഘടനകളില്‍ നിന്ന് സിഎംഡി ശുപാര്‍ശ തേടി.

കെഎസ്ഇബി, സിവില്‍ എന്‍ജിനീയര്‍ തസ്തിക, വെട്ടിക്കുറച്ചേക്കും, kseb