തിരുവനന്തപുരം: മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. തിരുവനന്തപുരത്ത് ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാര സമര്‍പ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള തണുപ്പന്‍ പ്രതികരണത്തിന്റെ പേരില്‍ അമ്മ സംഘടന വിമര്‍ശനം നേരിടുകയും, മോഹന്‍ലാല്‍ അടക്കമുള്ള ഭരണസമിതി രാജി വയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

മലയാള സിനിമ രംഗത്ത് നിറഞ്ഞു നില്‍ക്കുകയും മലയാള സിനിമയുടെ യശസ് ഉയര്‍ത്തുകയും ചെയ്യുന്ന കലാകാരനാണു മോഹന്‍ലാല്‍. മലയാളം മോഹന്‍ലാലിനോട് കടപ്പെട്ടിരിക്കുന്നു. ശ്രദ്ധേയമായ എത്രയോ കഥാപാത്രങ്ങളെ എടുത്തുപറയേണ്ട മിഴിവോടെ വെള്ളിത്തിരയിലൂടെ മലയാള പ്രേഷകന്റെ മനസ്സില്‍ സ്ഥാപിച്ചു. ഭാവവൈവിധ്യങ്ങളുടെ കലാകാരനാണ് മോഹന്‍ലാലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മോഹന്‍ലാലിലെ മനുഷത്വവും ജീവകാരുണ്യമനോഭാവവും എടുത്തുപറയേണ്ടതാണ്.

പ്രളയമുണ്ടായപ്പോള്‍ ആദ്യഘട്ടത്തില്‍തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ സംഭാവനയുമായി നേരിട്ടുവന്നു. വയനാട് ദുരന്തമുണ്ടായപ്പോഴും ആദ്യംതന്നെ സഹായം പ്രഖ്യാപിച്ചവരുടെ നിരയിലാണ് മോഹന്‍ലാല്‍. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന കേരളീയനായ ഈ കലാകാരന്, എല്ലാഘട്ടത്തിലും അഭിനയകലയില്‍ അത്യപൂര്‍വ്വം പേര്‍ക്ക് മാത്രം അളന്നുകുറിക്കാന്‍ കഴിഞ്ഞിട്ടുള്ള ഔന്നത്യങ്ങളിലേക്ക് എത്താന്‍ സാധിച്ചു. ജീവിതമാകെ കലയ്ക്കായി സമര്‍പ്പിച്ചാല്‍ മാത്രമേ കലയില്‍ അത്യുന്നത തലങ്ങളിലേക്ക് എത്താന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീകുമാരന്‍ തമ്പിയുടെ പേരിലുള്ള പുരസ്‌കാരം മുഖ്യമന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു.