തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാട് സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്തുനിന്ന് തിരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേര്‍ന്ന ശേഷമാണ് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്.

രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി വ്യാഴാഴ്ചയാകും വയനാട്ടിലെത്തുക. ദുരന്തബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും ആശുപത്രിയിലും മുഖ്യമന്ത്രി വ്യാഴാഴ്ച സന്ദര്‍ശനം നടത്തും.

രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ നിലവില്‍ മന്ത്രിമാരുടെ സംഘം വയനാട്ടിലുണ്ട്. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.രാജന്‍, മുഹമ്മദ് റിയാസ്, ഒ.ആര്‍. കേളു എന്നിവര്‍ ചൊവ്വാഴ്ച മുതല്‍ വയനാട്ടിലുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഇന്ന് വയനാട്ടിലെത്തിയിരുന്നു.