തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറമുഖം സന്ദര്‍ശിച്ചു. മന്ത്രിമാരായ വി എന്‍ വാസവന്‍, വി ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍ എന്നിവര്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രസന്റേഷന്‍ ഡോ ദിവ്യ എസ് അയ്യര്‍ അവതരിപ്പിച്ചു. തുറമുഖ പദ്ധതിയുടെ ഓപ്പറേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളും, യാര്‍ഡും ബര്‍ത്തും പുലിമുട്ടും സന്ദര്‍ശിച്ചു. ടഗ് ബോട്ടില്‍ യാത്ര ചെയ്ത് തുറമുഖ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. കണ്ടെയ്‌നര്‍ നീക്കം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കി.