മലപ്പുറം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചതായി വീട്ടുകാരുടെ പരാതി. വായ്പ്പാറപടി സ്വദേശി അസദുള്ള, ഭാര്യ മിൻസിയ, മകൻ അമീൻ സിയാദ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവത്തെ തുടർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ധനകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർ ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം. വായ്പയുടെ മൂന്നു മാസത്തെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന്, കുടിശ്ശിക ഉടൻ അടക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ വീട്ടിലെത്തുകയായിരുന്നു. ഇതിനിടെ മകൻ അമീൻ സിയാദിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും മർദ്ദനമേറ്റതായും പരാതിയിൽ പറയുന്നു. 2023-ൽ അഞ്ചര സെന്റ് ഭൂമി പണയപ്പെടുത്തി 4,10,000 രൂപയാണ് ഇവർ വായ്പയെടുത്തത്.

എന്നാൽ, വീട്ടുകാരുടെ പരാതിക്ക് വിരുദ്ധമായി, ജീവനക്കാരെ മർദ്ദിച്ചിട്ടില്ലെന്നും വാക്കുതർക്കത്തിനിടെ വീണു പരിക്കേറ്റതാണെന്നുമാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.