തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. നെടുമങ്ങാട് കൊല്ലംകാവിന് സമീപമാണ് അപകടം നടന്നത്. കൊല്ലങ്കാവ് വളവിൽ എത്തിയപ്പോഴാണ് സംഭവം . നെയ്യാറ്റിൻകരയിൽ നിന്നും ആനാട് ഭാഗത്തെ വീട് പണിക്കായി എത്തിയ വാഹനമാണ് ഓടുന്നതിനിടെ തീപിടിച്ചത്. ലോറി ഡ്രൈവർ ഇറങ്ങി ഓടി മാറിയതിനാൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

പഴകുറ്റിയിൽ എത്തിയപ്പോൾ പുക ഉയർന്നതായും തീ കത്തിയതിനെ തുടർന്നാണ് വാഹനം നിർത്തി ഇറങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് തിരുവനന്തപുരം - തെങ്കാശി പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.