കണ്ണൂർ: പീഡനക്കേസിൽ കണ്ണൂർ കോർപ്പറേഷന്റെ കീഴുന്ന പ്രദേശത്തെ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാറിന് അറസ്റ്റ് വാറന്റ്. തലശ്ശേരി എ സി ജെ എം കോടതിയാണ് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ജാമ്യം നൽകിയ കോടതിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്.

പീഡനക്കേസിൽ പ്രതിചേർത്തതിനെ തുടർന്ന് ഓഗസ്റ്റ് 9ന് അറസ്റ്റിലായ കൃഷ്ണകുമാറിന് അന്ന് തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളുടെ നൽകിയ ജാമ്യത്തിനെതിരെ അന്വേഷണസംഘം ജില്ലാ സെഷൻസ് കോടതിയിൽ സമീപിച്ചിരുന്നു. തുടർന്നാണ് ജാമ്യം നൽകിയ വിധി പുന പരിശോധിക്കണമെന്ന് ഉത്തരവ് വന്നത്.

തെളിവുകൾ ഒന്നും തന്നെ പരിശോധിക്കാതെ ആണ് ജാമ്യം നൽകിയത് എന്നുള്ള പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചായിരുന്നു ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകിയ വിധി തള്ളിയത്. ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പിൽ ഹാജരാക്കണമെന്ന് നിർദ്ദേശം നൽകി. ജൂലൈ മാസമായിരുന്നു സഹകരണ സംഘം ജീവനക്കാരിയെ കൃഷ്ണകുമാർ പീഡിപ്പിച്ചു എന്ന പരാതി ഉയർന്നുവന്നത്.

പരാതി ഉയർന്നുവന്നതിനെ തുടർന്ന് കൃഷ്ണകുമാർ ഒളിവിൽ ആയിരുന്നു. ഊട്ടി, ഗൂഡല്ലൂർ, ബാംഗ്ലൂർ ചെന്നൈ എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ ഇയാൾ മാറിമാറി കഴിഞ്ഞിരുന്നു. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം ഇയാളെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ വീണ്ടും ഇയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് വന്നതോടെ കൃഷ്ണകുമാർ വീണ്ടും കുടുങ്ങിയിരിക്കുകയാണ്.