പാലക്കാട്: കള്ളപ്പണം, കള്ളവോട്ട്, കള്ള മദ്യം, കള്ളകാര്‍ഡ് ഇതാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ്. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുനമ്പത്ത് സര്‍ക്കാര്‍ കൃത്യമായി നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കള്ളപ്പണവും മദ്യവും ഒഴുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 1306 ലിറ്റര്‍ സ്പിരറ്റാണ് ഇന്ന് ചിറ്റൂരില്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ദിവസവും മൂന്നുനേരം വാര്‍ത്താസമ്മേളനം നടത്തുന്ന വിഡി സതീശന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. കള്ളപ്പണവും കള്ള മദ്യത്തിനും പുറമെ കള്ള തിരിച്ചറിയില്‍ കാര്‍ഡും ഇറക്കാന്‍ സാധ്യതയുണ്ട്. അതിനായി ആളുകള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ടെന്നും എംബി രാജേഷ് ആരോപിച്ചു.

'യു.ഡി.എഫിനെ ഒരു കാര്യം മനസിലായി ഇനി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്ന്. അത് ബി.ജെ.പിയ്ക്കും മനസിലായി. ബി.ജെ.പി. ചിത്രത്തില്‍ പോലുമില്ല. വളരെ വിദൂരമായ മൂന്നാം സ്ഥാനത്താണ്. അതിനാല്‍ മുനമ്പം അവസാന വൈക്കോല്‍ തുരമ്പായി ഉപയോഗിക്കുന്നു-മന്ത്രി പറഞ്ഞു. വര്‍ഗീതവത്ക്കരിക്കാനുള്ള നീക്കത്തെ സമാധാനജീവിതവും സൈര്യജീവിതവും ആഗ്രഹിക്കുന്ന പാലക്കാട്ടെ ആരും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.