കൊച്ചി: ഓണ്‍ലൈന്‍ ബുക്കിംഗ് സ്ഥാപനത്തില്‍ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും അത് നല്‍കാതെ കുടുംബത്തെ കഷ്ടപ്പെടുത്തിയത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കൊച്ചിയിലെ അഭിഭാഷകനായ കെ.എസ് . അരുണ്‍ ദാസ്, ഓയോ റൂമസ് എന്ന ഓണ്‍ലൈന്‍ സ്ഥാപനം , കൊല്ലത്തെ മംഗലത്ത് ഹോട്ടല്‍ എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരന്റെ ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉള്‍ക്കൊള്ളുന്ന പത്ത് അംഗ സംഘത്തിന് താമസിക്കാന്‍ 2933/ രൂപ നല്‍കി കൊല്ലത്തെ മംഗലത്ത് ഹോട്ടലിലെ മുറികള്‍ ബുക്ക് ചെയ്തത്. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ പരാതിക്കാരന് മുറികള്‍ നല്‍കാന്‍ ഹോട്ടല്‍ ഉടമ തയ്യാറായില്ല. ഒരു റൂമിന് 2,500/ രൂപ വീതം അധികനിരക്ക് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി രാത്രി യാത്രചെയ്ത് മറ്റൊരു ഹോട്ടല്‍ കണ്ടുപിടിക്കേണ്ടി വന്നു . താനും കുടുംബവും അനുഭവിച്ച കഷ്ട നഷ്ടങ്ങള്‍ക്ക് കാരണം എതിര്‍ കക്ഷികളുടെ സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് പരാതിപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
ഛഥഛ റൂംസ് എന്ന സ്ഥാപനവുമായി നിലവില്‍ ധാരണ ഇല്ലെന്ന് ഹോട്ടലുടമ കോടതി മുമ്പാകെ ബോധിപ്പിച്ചു.

'കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമൊന്നിച്ച് രാത്രിയില്‍ ഹോട്ടലില്‍ ചെന്നവര്‍ക്ക് റൂമുകള്‍ നിഷേധിക്കുകയും മറ്റൊരു ഹോട്ടല്‍ കണ്ടുപിടിക്കാന്‍ ആ രാത്രിയില്‍ ഏറെ സഞ്ചരിക്കേണ്ടി വന്നുവെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. 'വിശ്വാസവഞ്ചനയാണ് എതിര്‍കക്ഷികള്‍ പരാതിക്കാരന്റെ കുടുംബത്തോട് കാണിച്ചത് .ഇതുമൂലം ധനനഷ്ടം മാത്രമല്ല ഏറെ മന:ക്ലേശവും ആ കുടുംബം അനുഭവിക്കേണ്ടിവന്നു എന്നത് വ്യക്തമാണ്.

അന്തസ്സോടെയും ആഥിത്യ മര്യാദയോടെയും ആണ് ഉപഭോക്താക്കളോട് പെരുമാറേണ്ടതെന്ന എതിര്‍കക്ഷിയെ ബോധ്യപ്പെടുത്താന്‍ മാത്രമല്ല, ഉപഭോക്താവിന് നീതിലഭ്യമാക്കാന്‍ കൂടിയാണ് ഈ ഇടപെടല്‍ അനിവാര്യമാക്കുന്നതെന്ന് ഡി ബി ബിനു അധ്യക്ഷനും ,വി രാമചന്ദ്രന്‍ , ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. ലക്ഷം'രൂപ നഷ്ടപരിഹാരവും 10,000രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. അഭിഷേക് കുര്യന്‍ ഹാജരായി.