കണ്ണൂർ: കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ വെച്ച് യാത്രക്കാരനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്റ്റേഷൻ ഇൻസ്പക്ടർക്കും സുഹൃത്തിനും കോടതി പിരിയും വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിലെ ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ സജിത് സദാനന്ദൻ, ശിവപുരത്തെ സുനിൽകുമാർ എന്നിവരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് മുഹമ്മലി ഷഹഷാദ് കോടതിപിരിയും വരെ തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

മൈസൂരിലേക്ക് പോകാൻ ഡിപ്പോയിലെത്തിയ യാത്രക്കാരനായ മലപ്പുറം ചുങ്കത്തറയിലെ കണ്ടിപ്പറമ്പിൽഹൗസിൽ അജിത്തിനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും തെറി വിളിക്കും ചെയ്തുവെന്ന കുറ്റത്തിനാണ് ശിക്ഷിച്ചത്. പിഴയടച്ചാൽ സംഖ്യ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണം. 2017 നവംബർ 11ന് വൈകുന്നേരമാണ് സംഭവം. മൈസൂരിൽ കൃഷിപ്പണിക്കാരനായ പരാതിക്കാരൻ കണ്ണൂരിൽ വന്ന് തിരിച്ച് പോകാൻ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു. രാത്രി അങ്ങോട്ടേക്ക് ബസ്സുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ രാത്രി 8.45 ന് ഉണ്ടെന്ന് പറഞ്ഞിരുന്നു.

എട്ടു മണിയോടെ എത്തിയെങ്കിലും ഏറെവൈകീട്ടും ബസ്സ് കാണാഞ്ഞതിനെത്തുടർന്ന് സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചപ്പോൾ രാത്രി ഊട്ടി ബസ്സാണ് വരേണ്ടിയിരുന്നതെന്നും അത് കാണുന്നില്ലെന്നും ആ ബസ്സ് കർണ്ണാടകയുടേതാണെന്നും നമ്മുടേതല്ലെന്നുംഅദ്ദേഹം മറുപടി പറയുകയായിരുന്നു. തുടർന്ന് നടന്ന തർക്കത്തിൽ പ്രതികൾ പരാതിക്കാരനെ അക്രമിക്കയായിരുന്നു. ഡിപ്പോയിലെ ഗാർഡാണ് തന്നെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചതെന്നും തുടർന്ന് എ കെ ജി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും അജിത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.