തിരുവല്ല: പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും അതിനാല്‍ തന്നെ സി പിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.സി. സജിമോനെ ബ്രാഞ്ച് സമ്മേളനത്തില്‍ ലോക്കല്‍ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി യോഗം അലങ്കോലപ്പെട്ടു.

വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയാണ് അലങ്കോലപ്പെട്ടത്. പീഡനക്കേസില്‍ അടക്കം ഉള്‍പ്പെട്ട് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ സജിമോനെ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതിനെ ചൊല്ലിയാണ് വാക്കേറ്റം. ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റം. വാക്കേറ്റം കയ്യാങ്കളിയുടെ വക്കില്‍ എത്തിയതോടെ യോഗം പിരിച്ചു വിടുകയായിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിലാണ് സജിമോനെ എല്‍സി സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത്. യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലും കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന സമയത്ത് ആള്‍മാറാട്ടം നടത്തിയ കേസിലും സിപിഎം വനിതാ നേതാവിനെ കാറില്‍ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലും സജിമോന്‍ പ്രതിയാണ്.

തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും രണ്ടുമാസം മുമ്പാണ് സജിമോനെ പുറത്താക്കിയ്. സജിമോനെ എല്‍സിയിലേക്ക് തിരിച്ചെടുത്ത തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ രണ്ടുമാസം മുമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ച യോഗം കടുത്ത വാക്കേറ്റത്തെ തുടര്‍ന്ന് കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. തര്‍ക്കത്തിനൊടുവില്‍ യോഗത്തില്‍ നിന്നും സജിമോനെ ഒഴിവാക്കുകയായിരുന്നു.

ഗര്‍ഭിണിയാക്കപ്പെട്ട യുവതിയുടെ സഹോദരന്‍ കഴിഞ്ഞമാസം മാധ്യമങ്ങള്‍ മുമ്പില്‍ സജിമോനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇത്രയും വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സജിമോനെ വീണ്ടും എല്‍സി സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തത്.

s