തിരുവനന്തപുരം: ഖത്തര്‍ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 15ന് സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. സാമ്രാജ്യത്വ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഏരിയാ കേന്ദ്രങ്ങളില്‍ പ്രകടനവും, പൊതുയോഗവും നടക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും പരിപാടിയില്‍ അണിനിരക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

അമേരിക്കന്‍ സാമ്രാജ്യത്വം ഏകലോകക്രമം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നാം ലോക രാജ്യങ്ങളെ തങ്ങളുടെ ഇംഗിതത്തിന് വിധേയമാക്കുന്നതിന് സൈനികവും, സാമ്പത്തികവുമായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയിലാകമാനം മനുഷ്യക്കുരുതി നടത്തുകയാണ്. പലസ്തീന്‍ ജനതയ്‌ക്കെതിരെ ആരംഭിച്ച ആക്രമണം ഇറാന്‍ ഉള്‍പ്പെടേയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു.

അമേരിക്കന്‍ പിന്തുണയോടെ നടക്കുന്ന ഇസ്രയേലിന്റെ ഇത്തരം അക്രമങ്ങള്‍ മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയിരിക്കുന്ന ബോംബാക്രമണം. ഇത് ആ മേഖലയിലാകമാനം വ്യാപിക്കുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗൗരവതരമായ പ്രശ്‌നമാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്ന ഗള്‍ഫ് മേഖലയിലെ ഇത്തരം ആക്രമണം ഏറെ ഗൗരവതരമായി കാണണം. ഈ ഘട്ടത്തില്‍ പോലും ആക്രമണത്തെ അപലപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതിലുള്ള ചുങ്കമാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. കേരളത്തിന്റെ മത്സ്യ മേഖലയേയും, നാണ്യവിളകളേയും അതീവ ഗൗരവമായി ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറിയിരിക്കുകയാണ്. മറ്റ് മേഖലകളേയും ഗുരുതരമായി ഇത് ബാധിക്കുന്നനിലയാണുള്ളത്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അനുകൂലമായ കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയം ആപത്ക്കരമാണെന്ന ഇടതുപക്ഷത്തിന്റെ നിലപാട് എത്രത്തോളം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍. സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന ചൂഷണത്തിന് പ്രതിരോധം തീര്‍ക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ കരുത്താര്‍ജ്ജിക്കുക പ്രധാനമാണെന്നും ഈ സംഭവങ്ങള്‍ തെളിയിക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.