പത്തനംതിട്ട: സ്പീക്കറും മന്ത്രിയും പങ്കെടുത്ത പരിപാടിയില്‍ അതിരു വിട്ടുവെന്ന് ആരോപിച്ച് അവതാരകനെ സിപിഎം ഏരിയാ സെക്രട്ടറി കൈയേറ്റം ചെയ്തുവെന്ന് ആക്ഷേപം. പത്തനംതിട്ട നഗരചത്വരത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. അവതാരകനായ അധ്യാപകന്റെ വാഗ്ധോരണി അല്‍പം കടന്നു പോയെന്ന് തോന്നിയതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.

സ്പീക്കര്‍ എ.എന്‍. ഷംസീറാണ് നഗര ചത്വരം നാടിന് സമര്‍പ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥിയായി ആരോഗ്യമന്ത്രി വീണാ ജോര്‍ജും അധ്യക്ഷനായി നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനുമുണ്ടായിരുന്നു. ഉദ്ഘാടകനായ സ്്പീക്കര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കൂടുതല്‍ സമയം ഇന്‍ട്രോഡക്ഷന്‍ നല്‍കി, ആരോഗ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നീ കാരണങ്ങളാലാണ് അവതാരകനെ കൈയേറ്റം ചെയ്തത് എന്ന് പറയുന്നു.

പരിപാടി കഴിഞ്ഞ് മാധ്യമങ്ങളും വിശിഷ്ടാതിഥികളും പോയതിന് പിന്നാലെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടുകയും അവതാരകനെ തടഞ്ഞു വയ്ക്കുകയുമായിരുന്നു. ഏരിയാ സെക്രട്ടറി എം.വി. സഞ്ചുവാണ് അവതാരകനെ കൈയേറ്റം ചെയ്തത് എന്ന് പറയുന്നു. വിവരമറിഞ്ഞ് എത്തിയ നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ അവതാരകനെ കൂടുതല്‍ മര്‍ദനം ഏല്‍ക്കാതെ രക്ഷപ്പെടുത്തി വിടുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ചുവെന്നതായിരുന്നു പ്രവര്‍ത്തകരുടെ ദേഷ്യത്തിന് കാരണമായത്. വലതുപക്ഷ അധ്യാപക സംഘടനയുടെ പ്രതിനിധിയാണ് മര്‍ദനമേറ്റ അധ്യാപകന്‍. ഇദ്ദേഹം ഇതു വരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.