കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചതായി റിപ്പോർട്ടുകൾ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തെ ഞെട്ടിച്ച കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും അദ്ദേഹം കിടപ്പിലായിരുന്നു. ഇടയ്ക്ക് നിരവധി അസുഖങ്ങൾ കാരണം ചികിത്സയിൽ കഴിയുകയായിരുന്നു.

1994 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. അന്ന് നടന്ന വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു.

ചികിത്സയും മരുന്നുമായി നിരന്തരയാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നിരുന്നു. സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

യുഡിഎഫ് സര്‍ക്കാർ കാലത്തെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്ക് പറ്റിയത്. ആ വെടിവെയ്പ്പിൽ കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായിരുന്നു.