മയ്യില്‍: മുല്ലക്കൊടിയില്‍ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ കോണ്‍ഗ്രസുകാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. വ്യാഴാഴ്ച്ച വൈകിട്ട് 6.30 ഓടെ മുല്ലക്കോടി യുപി സ്‌കൂളിലെ ബൂത്തിന് സമീപമാണ് കോണ്‍ഗ്രസ് അക്രമണം നടന്നത്. സിപി എം പ്രവര്‍ത്തകന്‍ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ(50)നാണ് കുത്തേറ്റത്. പ്രകാശന്‍ പോളിങ് കഴിഞ്ഞ് യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്‌കരനൊപ്പം മടങ്ങവേയാണ് സംഭവം.

ഭാസ്‌കരന്റെ സഹോദരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി കൃഷ്ണന്‍ കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന പ്രദേശത്ത് ബോധപൂര്‍വം അക്രമണമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സി.പി എം നേതൃത്വം ആരോപിച്ചു. പ്രതിയെ മയ്യില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് കമീഷണര്‍ പി നിതിന്‍ രാജ് സംഭവസ്ഥലത്തെത്തി.

തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ യുഡഎഫ് വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് പ്രകാശനെ സന്ദര്‍ശിക്കാനെത്തിയ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സിപി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്,എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, തളിപ്പറമ്പ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമള തുടങ്ങിയവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തി.