തിരുവല്ല: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ആറു മാസങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും പോലീസിന്റെ പിടിയിലായി. കോട്ടയം മണിമല ഏറത്ത് വടകര തോട്ടപ്പള്ളി കോളനിയില്‍ കഴുനാടിയില്‍ താഴേ വീട്ടില്‍ കാളിദാസ് എസ് കുമാര്‍ (23) ആണ് പിടിയിലായത്.

ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് സ്വന്തം വീട്ടിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് ഒന്നര വര്‍ഷത്തോളമായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സിലിങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്. കൗണ്‍സിലര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി.

തുടര്‍ന്ന് കാളിദാസിന് എതിരെ പോക്സോ നിയമം അനുസരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്തത് അറിഞ്ഞ് മുങ്ങിയ പ്രതി ട്രെയിന്‍ മാര്‍ഗ്ഗം ഉത്തര്‍പ്രദേശില്‍ എത്തി. ഉത്തര്‍പ്രദേശ് ഹരിയാന അതിര്‍ത്തി പ്രദേശമായ ഫരീദാബാദിലെ ബദര്‍പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ചേരിയില്‍ നിന്നും ഫരീദാബാദ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ പ്രത്യേക പോലീസ് സംഘം പ്രതിയെ പിടികൂടുകയയിരുന്നു.

സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ചു വന്നിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് വലയിലാക്കിയതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഒളിവില്‍ പോയ ശേഷം മാതാപിതാക്കളെ പോലും ബന്ധപ്പെടാതിരുന്നതാണ് പ്രതിയെ പിടികൂടാന്‍ കാലതാമസം ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.