തിരുവല്ല: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ കേസില്‍ രണ്ടു പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. നാലുപേര്‍ ഉള്‍പ്പെട്ട വധശ്രമകേസില്‍ രണ്ടുമൂന്നും പ്രതികളായ നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയില്‍ ഐശ്വര്യ വീട്ടില്‍ പങ്കു എന്ന് വിളിക്കുന്ന വിഷ്ണു എസ് നായര്‍(27), നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് നടുവത്ത് പുത്തന്‍വീട്ടില്‍ ഉണ്ട എന്ന പ്രമോദ് എസ് പിള്ള (47) എന്നിവരാണ് അറസ്റ്റിലായത്. കവിയൂര്‍ ഞാലികണ്ടം ഇഞ്ചത്തടിയില്‍ വിഷ്ണു വിജയകുമാറി (27)നാണ് പ്രതികളുടെ ആക്രമണത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി 9:45 ന് ഉണ്ടപ്ലാവിലുള്ള തട്ടുകടയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കേസിലെ ഒന്നാംപ്രതിയുമായി വിഷ്ണുവിന്റെ സഹോദരന്‍ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതില്‍ വിഷ്ണു ഇടപെട്ടതിന്റെ വിരോധം കാരണമാണ് ഇയാള്‍ക്ക് നേരെ വധശ്രമം ഉണ്ടായത്. ഇയാളും സുഹൃത്ത് ജെബിനും തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ, അവിടെ ആഹാരം കഴിച്ചു കൊണ്ടിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആഹാരം കഴിക്കേണ്ട എന്ന് ആക്രോശിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു കൊണ്ടാണ് പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചത്.

രണ്ടാംപ്രതി വിഷ്ണു കഴുത്തില്‍ കുത്തിപ്പിടിച്ച് അടിച്ചു, മൂന്നാം പ്രതി പ്രമോദ് കഴുത്തിനും പിടലിയ്ക്കും മര്‍ദ്ദിച്ചു. ഈ സമയം ഒന്നാംപ്രതി അരയില്‍ കരുതിയ കത്തികൊണ്ട് വിഷ്ണുവിന്റെ പുറത്ത് രണ്ടു തവണ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. നാലാം പ്രതിയും ഇയാളെ മര്‍ദ്ദിച്ചു, തുടര്‍ന്ന് രണ്ടാം പ്രതി കയ്യിലിരുന്ന കത്തികൊണ്ട് വലതു കൈയില്‍ കുത്തിപരിക്കേല്‍പ്പിക്കുകയും പിന്നീട് കവിളില്‍ അടിക്കുകയും ചെയ്തു. വിഷ്ണു ചികിത്സയില്‍ കഴിയുന്ന വിവരമറിഞ്ഞ് ആശുപത്രിയിലെത്തി എ എസ് ഐ പ്രബോധ് ചന്ദ്രന്‍ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കോഴിക്കോട് ആയിരുന്ന പുളിക്കീഴ് എസ് എച്ച് ഓ യുടെ താല്‍ക്കാലിക ചുമതല വഹിച്ചു വന്ന തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. തിരുവല്ല പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പ്രതികളെ പിടികൂടി. പിന്നീട് പുളിക്കീഴ് പോലീസ് അവിടെയെത്തി പ്രതികളെ ഏറ്റെടുത്ത് കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് പുളിക്കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

വധശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പുളിക്കീഴ്, തിരുവല്ല പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ പ്രതിയാണ് വിഷ്ണു എസ് നായര്‍. പുളിക്കീഴ് പോലീസ് നേരത്തെ എടുത്ത ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രമോദ് എസ് പിള്ള. തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷ്( എസ് എച്ച് ഓ ഇന്‍ ചാര്‍ജ് ), പുളിക്കീഴ് എസ് ഐ സതീഷ് കുമാര്‍, എ എസ് ഐ പ്രബോധചന്ദ്രന്‍, എസ് സി പി ഓ രവികുമാര്‍, സി പി ഓമാരായ അനില്‍, വിനീത്, അരുണ്‍ദാസ്, രഞ്ജു കൃഷ്ണന്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.