റാന്നി: കംബോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പു കേന്ദ്രത്തിലേക്ക് ജോലിക്ക് റിക്രൂട്ട് ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ റാന്നി പോലീസിന്റെ പിടിയില്‍. തൃശൂര്‍ കൈപ്പറമ്പ് പുത്തൂര്‍ കൊല്ലനൂര്‍ വീട്ടില്‍ കെ.എല്‍.ലാലു( 45), കുമളിഅമരാവതി അഞ്ചാം മൈല്‍ കുന്നത്ത്ചിറയില്‍ വീട്ടില്‍ കെ.എസ്.അബി (28) എന്നിവരാണ് അറസ്റ്റിലായത്.

കംബോഡിയയില്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയില്‍ ടൈപ്പിങ് ജോലി വാഗ്ദാനം ചെയ്ത് പഴവങ്ങാടി മിനര്‍വ്വപടി കുളമടയില്‍ വീട്ടില്‍ അഖില്‍ പോള്‍ മാത്യുവിന്റെ 1,60,000 യാണ് കബളിപ്പിച്ചെടുത്തത്. രണ്ട് തവണകളായി ആവലാതിക്കാരന്റെ സഹോദരന്‍ അമലില്‍ നിന്നും 70000 രൂപ അയച്ചു വാങ്ങിയും അഖിലിന് തിരികെ നാട്ടിലേക്ക് വരുന്നതിന് 25000 രൂപ കമ്പനിയില്‍ അടപ്പിച്ചും കബളിപ്പിച്ചു.

ലാലുവിന്റെ ആവശ്യപ്രകാരം ഇയാളുടെ തൃശ്ശൂര്‍ എസ് ബി ഐ ബ്രാഞ്ചിലെ അക്കൌണ്ടിലേക്ക് കഴിഞ്ഞ ഡിസംബര്‍ 20 ന് അഖില്‍ പോള്‍ മാത്യുവിന്റെ സഹോദരന്‍ അമലിന്റെ റാന്നി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ അക്കൌണ്ടില്‍ നിന്ന് 35000 രൂപയും അടുത്തദിവസം ഇതേ അക്കൌണ്ടില്‍ നിന്നും 5000 രൂപയും അയച്ചു വാങ്ങിച്ചു.

27 ന് പ്രതിയെ വിശ്വസിച്ച് വിയറ്റ്നാമിലേക്ക് പോയ അഖില്‍, ലാലുവിന്റെ ആവശ്യപ്രകാരം എയര്‍പോര്‍ട്ടില്‍ വച്ച് കണ്ട ആളിന് 25000 രൂപയ്ക്കുള്ള ഡോളര്‍ കൊടുത്തു. തുടര്‍ന്ന്, അബിയുടെ ഗൂഗിള്‍ പേ നമ്പരില്‍ രണ്ട് തവണകളായി അമലിന്റെ കയ്യില്‍ നിന്നും 70000 രൂപ അയച്ചു വാങ്ങിച്ചു. ചൈനീസ് ഓണ്‍ലൈന്‍ തട്ടിപ്പു കമ്പനിയിലെ ജോലിക്കാണ് തന്നെ എത്തിച്ചതെന്ന് മനസ്സിലാക്കി തിരികെ നാട്ടിലേക്ക് മടങ്ങിയ അഖിലിനെക്കൊണ്ട് 25000 രൂപ കമ്പനിയില്‍ അടപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഒന്നിന് പോലീസ് സ്റ്റേഷനില്‍ അഖില്‍ പരാതി നല്‍കി. പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും മറ്റും അന്വേഷണസംഘം കണ്ടെത്തി പരിശോധിച്ചു. അമല്‍ മാത്യുവിന്റെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച രേഖകളും പരിശോധിക്കുകയും മറ്റ് അന്വേഷണം നടത്തുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഊര്‍ജിതമാക്കിയ തെരച്ചിലിനെ തുടര്‍ന്ന് പ്രതികളെ എറണാകുളത്തുനിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷന്‍ ഹാജരാക്കിയ പ്രതികളെ, വിശദമായ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ എസ്.ഐ ആദര്‍ശ്, സി.പി.ഓ ഗോകുല്‍ കണ്ണന്‍, പമ്പ പോലീസ് സ്റ്റേഷനിലെ സിപിഓ സൂരജ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.