കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടി കച്ചേരിക്കടവില്‍ സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കില്‍ പണയ സ്വര്‍ണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന ബാങ്ക് ജീവനക്കാരനും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീര്‍ തോമസ് അറസ്റ്റില്‍. മൈസൂരുവില്‍ നിന്നാണ് പൊലീസ് സുധീറിനെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയാണ് സുധീര്‍ തോമസ്. 60 ലക്ഷത്തോളം രൂപയുടെ പണയ സ്വര്‍ണം തട്ടിയെന്ന കേസിലാണ് പിടിയിലായത്. മറ്റൊരു പ്രതിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുനീഷ് തോമസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

അറുപത് ലക്ഷത്തോളം വില വരുന്ന പതിനെട്ട് പാക്കറ്റുകളിലായുളള പണയ സ്വര്‍ണമാണ് കവര്‍ന്നത്. കച്ചേരിക്കടവിലെ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് സുനീഷ് തോമസ്, ബാങ്കിലെ താത്കാലിക ജീവനക്കാരനും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീര്‍ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് തട്ടിപ്പ് നടന്നത്.

ക്യാഷറായ സുധീര്‍ വഴിയാണ് പണയ സ്വര്‍ണം കവര്‍ന്നത്. കവര്‍ന്ന സ്വര്‍ണത്തിന് പകരം മുക്കുപണ്ടം കൊണ്ടുവച്ചു. കച്ചേരിക്കടവില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയാണ് സുനീഷ്. കവര്‍ന്ന പതിനെട്ട് പാക്കറ്റില്‍ പതിനാറും സുനീഷിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേതുമാണ്. സുധീറിന്റെ ഭാര്യയുടെ സ്വര്‍ണവും മാറ്റിവച്ചു. മറ്റൊരാളുടേത് കൂടി തട്ടിയപ്പോഴാണ് പിടിവീണത്. ഇടപാടുകാരന്‍ പണയസ്വര്‍ണം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ ബാങ്കിലെത്തി പരാതി നല്‍കി.പ രിശോധനയില്‍ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തി.

വെളളിയാഴ്ച മാനേജര്‍ ബാങ്ക് തുറക്കാനെത്തിയപ്പോള്‍ സുധീറിന്റെ ബാഗും മൊബൈല്‍ ഫോണും വാതില്‍ക്കല്‍ കണ്ടിരുന്നു. ബൈക്ക് വളളിത്തോട് ബസ്സ്‌റ്റോപ്പിന് സമീപവും കണ്ടെത്തി. ബാങ്ക് സെക്രട്ടറി അനീഷിന്റെ പരാതിയില്‍ സുധീറിനെ പ്രതിയാക്കിയാണ് കേസെടുത്തത്. അന്വേഷണത്തില്‍ സുനീഷിനും പങ്കെന്ന് വ്യക്തമായിട്ടുണ്ട്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് തട്ടിപ്പ് നടത്തിയതെന്നാണ് മൊഴി. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.